Monday, June 22, 2015

പണ്ടാണെങ്കിൽ കല്ല്യാണത്തിനു

പണ്ടാണെങ്കിൽ കല്ല്യാണത്തിനു ഒരാഴ്ചക്കപ്പുറം പോകും
മുറ്റം ചെത്തി മിനുക്കി പന്തൽ കെട്ടാനാളുകൾ കൂടും
പനയും തെങ്ങും പട്ടകളെകൊണ്ടാദ്യം മേലാപ്പാക്കും
കൊന്നപ്പൂവും വാകപ്പൂവും തോരണമാക്കി തൂകും
മൈലാഞ്ചി രാവും തിന്തക തിന്തക 
കോളാമ്പി പാട്ടും തിന്തക തിന്തക 
മൈലാഞ്ചി രാവും തിന്തക തിന്തക 
കോളാമ്പി പാട്ടും തിന്തക തിന്തക 
ഇരച്ചി വരട്ട് ചോറും വാളമ്പുളി മഞ്ഞ മോരും

ഇന്നാണെങ്കിൽ ഹായ് ഹായ്
ഇന്നാണെങ്കിൽ കല്ല്യാണത്തിനു നക്കാൻ നേരം പോകും
പന്തൽ ജോലിക്കാരെക്കൊണ്ട് ഒരു ദിവം മുമ്പെ നാട്ടും
തിക്കു തിരക്കിൽ മൂക്കുമ് മുട്ടെ തിന്നൊരു മൂലയിൽ കൂടും
പല്ലിൽ കുത്തി ചോറിനു പോളിങ്ങില്ലെന്ന്ഓതി പോവും
ബിരിയാണി ചോറും  തിന്തക തിന്തക 
കരിങ്കാലി നീരും  തിന്തക തിന്തക
ഇതുകൊണ്ടാവാനാണെങ്കിൽ അമ്മായിമാർക്കാണേറെ ദേശ്യം 
പണ്ടാണെങ്കിൽ കല്ല്യാണത്തിനു ഒരാഴ്ചക്കപ്പുറം പോകും
ഇന്നാണെങ്കിൽ കല്ല്യാണത്തിനു നക്കാൻ നേരം പോകും


മലപ്പുറം മോര് കാച്ചിയത് ( പേരിൽ മാത്രേ മോര് ഉള്ളു . നെയ്യപ്പം എന്ന് പറയും പോലെ ) . മലപ്പുറത്തെ ചില മുസ്ലിം വീടുകളിൽ കാണുന്ന ഒരു കറിയാണിത് .പ്രധാനമായും മരണാനന്തര ചടങ്ങുള്ള ദിവസങ്ങളിൽ , സാധാരണ ക്കാരായ ആളുകളുടെ കല്യാണ വീട്ടിൽ തലേ ദിവസം രാത്രി വിളമ്പാനും , വെള്ളിയാഴ്ച ദിവസങ്ങളിൽ പള്ളി കഴിഞ്ഞു വരുമ്പോൾ ഇറച്ചി വരട്ടിയതും , മോര് കാച്ചിയതും , പപ്പടവും ചേർത്തൊരു പിടി പിടിച്ചാൽ .പിന്നെ മയങ്ങാൻ ഒരു കട്ടിൽ അന്വേഷിക്കേണ്ടി വരും . ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം . ചേരുവകൾ 1. വാളൻ പുളി കുതിർത്ത വെള്ളം ( പുളി ആവശ്യത്തിനു ) 2. ചെറിയ ജീരകം 3. തേങ്ങ ചിരവിയത് 4. ചെറിയ ഉള്ളി 5. വെളുത്തുള്ളി 6.കറി വേപ്പില 7.അരി പൊടി ( പത്തിരിക്ക് പൊടിക്കുന്ന തരി പോലെ ) 8.ഉപ്പ് 9.വെള്ളം 10. മഞ്ഞൾ പൊടി പാചകം ചെയ്യേണ്ട വിധം ആദ്യം പുളി വെള്ളം മഞ്ഞൾ പൊടി ചേർത്ത് തിളപ്പിക്കുക . തേങ്ങയുടെ അരപ്പ് ചേർക്കേണ്ടത് കൊണ്ട് , മഞ്ഞൾ പൊടി അതിനും കൂടെ മനസ്സിൽ കണക്കു കൂട്ടി ഇടുക . അതിനു ശേഷം തേങ്ങയും ഉള്ളികളും ചെറിയ ജീരകവും കുറച്ച് അരി പൊടിയും ( കറി അൽപം കുറുകിയ പോലെ ആവാനാണ് അരി പൊടി ഇടുന്നത് . കൂടുതലായാൽ പിന്നെ ഒരു കത്തിയെടുത്ത് ഹലുവ മുറിക്കുന്നത് പോലെ മുറിക്കേണ്ടി വരും . അത് കൊണ്ട് അരി പൊടി ചേർക്കുമ്പോൾ അളവിൽ ശ്രദ്ദിക്കുക . ) ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക . തിളച്ച് ക്ഷോഭിച്ച് നിൽകുന്ന പുളി വെള്ളത്തിലേക്ക് ഈ തേങ്ങ അരപ്പ് ചേര്ക്കുക . അൽപം ഉപ്പും . തിളച്ച് വരുമ്പോൾ കറി വേപ്പില ഇട്ടു ഓഫ്‌ ചെയ്യുക . മോര് കാച്ചിയത് റെഡി . ഇനി ഇറച്ചിയും വരട്ടി ഒന്നാഞ്ഞു പിടിക്ക് . ഈ കറിയും കൂട്ടി ചോറ് ഉണ്ടവരുണ്ടോ ഇവിടെ ?.. ഇനി ഈ വിഭവം ഉണ്ടാക്കാൻ അറിയുന്നവർ ഇവിടെ പറഞ്ഞിരിക്കുന്നതിൽ നിന്നും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇവിടെ കമന്റ്‌ ചെയ്യുമല്ലോ ..